Pages

Subscribe:

Ads 468x60px

മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് മൂന്ന് വയസ്സ്

Labels

Saturday 24 March 2012

പ്രതിനായകനിലെ നായകന്‍ ഇനി ഓര്മ


                                                                    മലയാള സിനിമയിലെ എക്കാലത്തെയും വ്യക്തിത്വമാര്‍ന്ന വില്ലന്‍ മുഖങ്ങളില്‍ ഒന്നായ ജോസ് പ്രകാശ് (87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാക്കനാട്ടെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. മലയാള സിനിമാരംഗത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം വെള്ളിയാഴ്ചയാണ് ജോസ് പ്രകാശിന് ലഭിച്ചത്. മുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തോളം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനിന്ന ജോസ് പ്രകാശ് തൊണ്ണൂറുകളുടെ മധ്യത്തോടെ സ്വഭാവവേഷങ്ങളിലേയ്ക്ക് കൂടുമാറുകയായിരുന്നു. ഇതിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ശരിയോ തെറ്റോ ആണ് അദ്ദേഹം പാട്ടു പാടിയ ആദ്യ ചിത്രം. ഓളവും തീരവുമാണ് ആദ്യം മുഖം കാണിച്ച ചിത്രം. ഭക്തകുചേലയിലൂടെയാണ് അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്. ട്രാഫിക്കാണ് അവസാനമായി വേഷമിട്ട ചിത്രം.ഗായകനായി രംഗപ്രവേശം ചെയ്ത് അഭിനേതാവായി മാറിയ ആളാണ് കെ.ജെ.ജോസഫ് എന്ന ജോസ് പ്രകാശ്.
ഒന്നുമറിഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞെന്ന ഭാവം, നനുത്ത പുഞ്ചിരിയും നിറഞ്ഞ കണ്ണും.. അതായിരുന്നു പുരസ്‌കാരം നേടിയ വിവരം മകന്‍ അച്ഛന്റെ കാതിലോതിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ മിന്നി മറഞ്ഞത്‌.ഒടുവില്‍ നിസ്സംഗതയുടെ ഘനീഭവിച്ച ഭാവം ഏറ്റുവാങ്ങിക്കൊണ്ട്‌ ജീവിതത്തിലെ എല്ലാ വേഷവും അഭിനയിച്ചു തീര്‍ത്ത്‌ മരണത്തിന്റെ കൈ പിടിച്ച്‌ യാത്രയായി ജോസ്‌ പ്രകാശ്‌ എന്ന മഹാനടന്‍ .








മനോഹരമായിരുന്നു ആ വില്ലന്റെ മുഖം.കട്ടിയുള്ള ശബ്ദം.ജോസ് പ്രകാശിനെ മലയാളം കണ്ടത് സ്നേഹിക്കുന്ന വില്ലന്റെ രൂപത്തിലായിരുന്നു. മുന്നൂറിലധികം സിനിമയിലഭിനയിച്ച വില്ലന്റെ യഥാര്‍ത്ഥ പേര് ജോസഫ് എന്നായിരുന്നു.തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശ് എന്ന് വിളിച്ചത്.തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ ഗായകനായാണ് ജോസ് പ്രകാശ് മലയാള സിനിമയിലെത്തിയത്. മൂന്ന് ഗാനങ്ങളാണ് ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ ജോസ് പ്രകാശ് പാ‍ടിയത്.ഒരു വിഷുദിനത്തിലായിരുന്നു ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോര്‍ജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേര്‍ . സഖറിയയാണ് പിന്നീട് നര്‍മാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ്. അദ്ദേഹത്തിന്റെ മക്കളായ ബോബിയും സഞ്ജയും പുതിയ പരീക്ഷണങ്ങളുമായി തിരക്കഥാ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോര്‍ത്ത് ഫോം വരെ ബേബിയുടെ പഠനം.‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’, ‘ദേവസുന്ദരി’, ‘അല്‍ഫോന്‍സ്’, ‘അവന്‍ വരുന്നു’ തുടങ്ങിയ ചിത്രങ്ങളിലും ഗായകനായി തിളങ്ങിയ ജോസ് പ്രകാശ് ചില ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു. മലയാള സിനിമയില്‍ തനിക്ക് വഴിതുറന്ന തിക്കുറിശ്ശി ഒരുക്കിയ’അച്ഛന്റെ ഭാര്യ’യില്‍ ആയിരുന്നു ആദ്യമായി നായകനായത്. പ്രേം‌നസീറിനൊപ്പമാണ് ജോസ് പ്രകാശ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. നാടകത്തിലും സിനിമയിലും സജീവമാക്കുന്നതിനു മുമ്പ് പട്ടാളത്തിലായിരുന്നു ജോസ് പ്രകാശ്. ഭാര്യ ചിന്നമ്മ നേരത്തെ മരിച്ചു. പ്രമേഹരോഗ ബാധയെതുടര്‍ന്ന് അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കാഴ്ചനഷ്ടപ്പെടുകയും ഒരു കാല്‍ മുറിച്ചു മാറ്റുകയും ചെയ്തു. ഓളവും തീരവുമാണ് ആദ്യം അഭിനയിച്ച ചിത്രം. ഭക്തകുചേലയിലൂടെയാണ് നടന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ വരവറിയിച്ചത്. അവസാനമഭിനയിച്ച ട്രാഫിക്കിലും തന്റെ അഭിനയമികവ് ജോസ് പ്രകാശ് തന്റെ മികവ് തെളിയിച്ചിരുന്നു.


 ഹലോ മിസ്റ്റര്‍ പെരേര...എന്ന സംഭഷണത്തിലൂടെ മലയാളസിനിമാപ്രേഷകരുടെ ഹൃദയം കീഴടക്കിയ വില്ലനായിരുന്നു ശ്രീ ജോസ്‌ പ്രകാശ്‌. അറുപതുകളില്‍ മലയാള സിനിമക്ക്‌ കരുത്തുറ്റ ഒരേയൊരു വില്ലനേ ഉണ്ടായിരുന്നുള്ളൂ. തന്നെ എതിര്‍ത്തവനെ മുതലക്കുഞ്ഞുങ്ങള്‍ക്ക്‌ എറിഞ്ഞ്‌ കൊടുക്കുന്ന ക്രൂരനായ വില്ലന്‍. അഭിനയ പാടവം കൊണ്ട്‌ മാത്രമാണ്‌ പ്രേഷകരുടെ പേടി സ്വപനമാകാന്‍ ജോസ്‌ പ്രകാശിന്‌ കഴിഞ്ഞത്‌.ജീവിതത്തില്‍ ഒരു പട്ടാളക്കാരനായിരുന്ന മനുഷ്യനാണ്‌ സിനിമയിലെ വില്ലനായി മാറിയത്‌. എട്ടു വര്‍ഷത്തോളം ബ്രിട്ടീഷ്‌ ആര്‍മിയില്‍ പ്രവര്‍ത്തിച്ച ശേഷം തന്റെ വഴി ഇതല്ലെന്ന മനസ്സിലാക്കി കലാരംഗത്തേക്ക്‌ കടന്നു വരികയായിരുന്നു അദ്ദേഹം. നാട്ടില്‍ തുടങ്ങിയ ചെറിയ ക്ലബ്ബിലൂടെയായിരുന്നു തുടക്കം. ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഗായകനായിരുന്നു ജോസ്‌. ഇത്‌ ഒരിക്കല്‍ കാണാനിടയായ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്‌ സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടത്‌. പ്രേം നസീര്‍,സത്യനേഷന്‍ നാടാര്‍ തുടങ്ങിയ നടന്‍മാര്‍ക്ക്‌ വേണ്ടിയായിരുന്നു അദ്ദേഹം ശബ്‌ദം നല്‌കിയിരുന്നത്‌.തിക്കുറിശ്ശി സംവിധാനം ചെയ്‌ത ശരിയോ തെറ്റോ എന്ന സിനിമയില്‍ പാട്‌പെട്ടു പാടങ്ങളില്‍ എന്ന ഗാനം പാടി മാലയാള സിനിമയില്‍ തന്നെ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച കലാകാരനായിരുന്നു അദ്ദേഹം. ജോസ്‌ പ്രകാശിനു ശേഷമാണ്‌ മലയാളസിനിമാഗാന രംഗത്ത്‌ എ എം രാജ, കെ ജെ യേശുദാസ്‌ തുടങ്ങിയ കഴിവുറ്റ ഗായകരുടെ കടന്ന്‌ വരവ്‌ തന്നെ. ഏകദേശം അറുപത്‌ ഗാനങ്ങള്‍ പാടി അദ്ദേഹം തന്റെ കഴിവ്‌ തെളിയിച്ചിരുന്നു. ചെറിയ രംഗങ്ങളില്‍ അഭിനയിച്ചിരുന്ന ജോസ്‌ പ്രകാശ്‌ അഭിനയരംഗത്തില്‍ നിലയുറപ്പിച്ചത്‌ ഭക്തകുചേലയിലൂടെയാണ്‌. 1969ല്‍ ഓളവും തീരവും എന്ന സിനിമയില്‍ വില്ലനായി അഭിനയിച്ചതിനു ശേഷം ജോസ്‌ പ്രകാശിനെ തേടിയെത്തിയത്‌ കൈനിറയെ വില്ലന്‍ വേഷങ്ങളായിരുന്നു.ഏകദേശം മുന്നൂറോളം സിനിമകളില്‍ അഭിനയിച്ച ജോസ്‌ പ്രകാശ്‌ എന്ന അഭിനയ പ്രതിഭയെ തേടി ജെ സി ഡാനിയേല്‍ പുരസ്‌കാരം തേടിയെത്തിയത്‌ ഈ വര്‍ഷമായിരുന്നു.നിങ്ങള്‍ ഒരു നോ പറഞ്ഞാല്‍ ഇവിടെ ഒന്നും നടക്കില്ല. ഏതൊരു ദിവസത്തേയും പോലെ ഈ ദിവസത്തേയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപ്പെടും. പക്ഷേ നിങ്ങളുടെ ഒരു ഒറ്റ യേസ്‌ ചിലപ്പോള്‍ ചരിത്രമാകും, പരാനിരിക്കുന്ന ഒരുപാട്‌പേര്‍ക്ക്‌ യേസ്‌ പറയാന്‍ ധൈര്യം പകരുന്ന ചരിത്രം. അവസാന ഡയലോഗ്‌ പറഞ്ഞു ചരിത്രത്തിലേക്ക്‌ കടന്നു കയറി ആ മഹാനുഭാവന്‍, പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും കാത്ത്‌ നില്‌ക്കാതെ ആ മഹാരഥന്‍ വിടപറഞ്ഞിരിക്കുന്നു, അഭിനയ മുഹൂര്‍ത്തങ്ങളില്ലാത്ത ചമയങ്ങളില്ലാത്ത ഒരു ലോകത്തേക്ക്‌..

 ഇംഗ്ലീഷ്‌ പറയുന്ന, പൈപ്പ്‌ വലിക്കുന്ന സുന്ദര വില്ലന്‍ ജോസ്‌ പ്രകാശ്‌ ഇനി ഓര്‍മ്മ. ഒന്നിനും കാത്തുനില്‍ക്കാത്ത സ്വഭാവം മലയാളത്തിന്റെ വില്ലന്‍ മരണത്തിലും കാത്തു എന്ന്‌ പറഞ്ഞാലും തെറ്റില്ല! മരണ ശയ്യയില്‍ ആയിരുന്നപ്പോള്‍ തന്നെ തേടിവന്ന ജെ.സി ഡാനിയല്‍ പുരസ്‌കാരത്തോട്‌ പുഞ്ചിരിച്ച്‌ കാട്ടിയ, സിനിമയെ വല്ലാതെ സ്‌നേഹിച്ച, ഈ താരം അവാര്‍ഡ്‌ വാങ്ങാന്‍ കാത്തുനിന്നില്ല. ഏപ്രില്‍ 14 ന്‌ തന്റെ എണ്‍പത്തിയേഴാം പിറന്നാള്‍ ആഘോഷമാക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നപ്പോഴാണ്‌ അദ്ദേഹം ഒന്നിനും കാത്ത്‌ നില്‍ക്കാതെ ഒറ്റയക്ക്‌ മടങ്ങിയത്‌.മുന്‍സിഫ്‌ കോടതിയില്‍ ഗുമസ്‌തനായിരുന്ന കെ.ജെ ജോസഫിന്റെയും ഏലിയാമ്മയുടെയും കടിഞ്ഞൂല്‍ പുത്രനായി ജനിച്ച കുന്നേല്‍ വീട്ടില്‍ ജോസഫ്‌ സിനിമയിലെത്തിയപ്പോഴാണ്‌ ജോസ്‌പ്രകാശ്‌ എന്ന പേര്‌ ലഭിച്ചത്‌. അക്കാലത്തെ പ്രധാന നടനായിരുന്ന തിക്കുറിശ്ശിയാണ്‌ ജോസ്‌ പ്രകാശ്‌ എന്ന പേര്‌ നല്‍കിയത്‌. അതേപോലെ, ജോസ്‌ പ്രകാശും വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരു മഹാനടനെ പുനര്‍നാമകരണം ചെയ്‌ത് മലയാള സിനിമക്ക്‌ നല്‍കി. 1974ല്‍ 'ശാപമോക്ഷം' എന്ന ചിത്രത്തിലേക്ക്‌ കൃഷ്‌ണന്‍നായരുടെ പേര്‌ നിര്‍ദ്ദേശിച്ചതും അദ്ദേഹത്തിന്‌ 'ജയന്‍' എന്ന പേര്‌ നല്‍കിയതും ജോസ്‌ പ്രകാശായിരുന്നു.സിനിമാ സ്‌നേഹം മൂലം നാടുവിടേണ്ടിവന്ന ചരിത്രമാണ്‌ ജോസ്‌പ്രകാശിനുളളത്‌. പതിനേഴാം വയസ്സില്‍ ഫോര്‍ത്ത്‌ ഫോമില്‍ പഠിക്കുമ്പോള്‍ സിനിമ കണ്ടില്ലെന്നു കളവുപറഞ്ഞ ജോസഫിന്‌ പിതാവിന്റെ കയ്യില്‍ നിന്നും തല്ല്‌ കിട്ടി. അച്‌ഛനില്‍ നിന്നേറ്റ അപമാനം സഹിക്കാനാവാതെ ജോസഫ്‌ നാടുവിട്ട്‌ പട്ടാളത്തില്‍ ചേര്‍ന്നു. 1948ല്‍ ജോലിയില്‍ നിന്ന്‌ വിരമിച്ച്‌ തിരിച്ചെത്തി കോട്ടയത്ത്‌ തേയില കച്ചവടം ആരംഭിച്ചു. ഇതോടൊപ്പം കോട്ടയം ആര്‍ട്‌സ്‌ ക്ലബ്‌ രൂപീകരിച്ച്‌ ഗാനമേളകളില്‍ ഗായകനായി തിളങ്ങി. 1952ല്‍ തിരുനക്കരയില്‍ നടന്ന സോഷ്യലിസ്‌റ്റ് സമ്മേളനത്തിന്റെ വേദിയില്‍ ജോസ്‌പ്രകാശ്‌ ആലപിച്ച ദേശഭക്‌തിഗാനം കേള്‍ക്കാനിടയായ തിക്കുറിശ്ശിയും ദക്ഷിണാമൂര്‍ത്തിയും 'ശരിയോ തെറ്റോ' എന്ന ചിത്രത്തില്‍ മൂന്ന്‌ ഗാനങ്ങള്‍ പാടാന്‍ അവസരം നല്‍കിയതോടെ ജോസഫ്‌ തന്റെ സ്വപ്‌ന മേഖലയില്‍ എത്തപ്പെട്ടു. പിന്നീട്‌, വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, അല്‍ഫോന്‍സ്‌ അവന്‍ വരുന്നു. തുടങ്ങിയ ചിത്രങ്ങളിലും ഗായകനായി തിളങ്ങി. ചിലചിത്രങ്ങളില്‍ അപ്രധാന കഥാപാത്രങ്ങളെയും ഇക്കാലത്ത്‌ അവതരിപ്പിച്ചു. തിക്കുറിശ്ശിയുടെ'അച്‌ഛന്റെ ഭാര്യ'യിലാണ്‌ ആദ്യമായി നായകവേഷം ചെയ്‌തത്‌. തുടര്‍ന്ന്‌ സ്‌നാപക യോഹന്നാന്‍, അല്‍ഫോന്‍സ തുടങ്ങിയ ചിത്രങ്ങളിലും നായകവേഷങ്ങള്‍ ചെയ്‌തു. എന്നാല്‍, 1969 ല്‍ പുറത്തിറങ്ങിയ 'ലവ്‌ ഇന്‍ കേരള' എന്ന സിനിമയാണ്‌ ജോസ്‌പ്രകാശിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്‌. ഇതിലെ സില്‍വര്‍ഹെഡ്‌ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മലയാളത്തിലെ വില്ലന്‍ വേഷങ്ങള്‍ക്ക്‌ പുതിയ ഒരു മാനം നല്‍കുകയായിരുന്നു. അമിത കായിക ശക്‌തിയില്ലാത്തവര്‍ക്കും സുമുഖരായവര്‍ക്കും വില്ലന്‍ വേഷങ്ങള്‍ യോജിക്കും എന്ന തിരിച്ചറിവ്‌ നല്‍കിയത്‌ ജോസ്‌പ്രകാശിന്റെ കടന്നുവരവായിരുന്നു. ഇതിനുശേഷം സി.ഐ.ഡി നസീര്‍, ഈറ്റ, ലിസ, മനുഷ്യമൃഗം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, കൂടെവിടെ, നിറക്കൂട്ട്‌, രാജാവിന്റെ മകന്‍, അഥര്‍വം, ഇന്ദ്രജാലം, ആകാശദൂത്‌ തുടങ്ങി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാഫിക്കില്‍ വരെ അദ്ദേഹം ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രമേഹരോഗം അധികരിച്ചതിനെ തുടര്‍ന്ന്‌ 2003 ല്‍ അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. എങ്കിലും അഭിനയത്തിന്റെ നിറക്കൂട്ടില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ ആഗ്രഹിക്കാതിരുന്നതിനാലാണ്‌ ട്രാഫിക്കില്‍ അഭിനയിക്കാന്‍ ജോസ്‌ പ്രകാശ്‌ തീരുമാനിച്ചത്‌. ഇതില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഹൃദയാഘാതം മൂലം ആശുപത്രിയില്‍ ആയി എങ്കിലും പിന്‍മാറിയില്ല. വീട്ടില്‍ സെറ്റിട്ടായിരുന്നു അദ്ദേഹം ഇതിലെ അഭിനയം പൂര്‍ത്തിയാക്കിയത്‌.

വില്ലന്‍ കഥാപാത്രങ്ങളെയാണ്‌ കൂടുതല്‍ അവതരിപ്പിച്ചിട്ടുളളത്‌ എങ്കിലും വ്യക്‌തിജീവിതത്തില്‍ തികച്ചും സൗമ്യനായ വ്യക്‌തിയായിരുന്നു ജോസ്‌ പ്രകാശ്‌. മലയാളത്തിന്റെ ഇംഗ്ലീഷ്‌ പറയുന്ന ഈ സുന്ദര വില്ലന്‍ നാനൂറ്റിയമ്പതില്‍പരം സിനിമകളിലെ അഭിനയ മുഹൂര്‍ത്തങ്ങളാണ്‌ നമുക്കായി അവശേഷിപ്പിച്ച്‌ പോയിരിക്കുന്നത്‌.....
അവസാന ഡയലോഗ്‌ പറഞ്ഞു ചരിത്രത്തിലേക്ക്‌ കടന്നു കയറി ആ മഹാനുഭാവന്‍, പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും കാത്ത്‌ നില്‌ക്കാതെ ആ മഹാരഥന്‍ വിടപറഞ്ഞിരിക്കുന്നു, അഭിനയ മുഹൂര്‍ത്തങ്ങളില്ലാത്ത ചമയങ്ങളില്ലാത്ത ഒരു ലോകത്തേക്ക്‌..



 ജോസ് പ്രകാശ്‌ എന്ന മഹാ നടന് ആദരാഞ്ജലികള്‍

0 comments:

Post a Comment